കേളകം പഞ്ചായത്തിൻ്റെ സ്വന്തമായിരുന്ന ചീങ്കണ്ണിപ്പുഴ ഒരു സെറ്റിൽമെൻ്റ് ഇഷ്യു ആയി എൻ്റെ ഭൂമി പോർട്ടലിൽ അടയാളപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞിട്ടും കേളകം പഞ്ചായത്തിന് ഒരു അനക്കവുമില്ല.
ചീങ്കണ്ണി പുഴ ആരുടേതാണ്? കേളകം പഞ്ചായത്ത് ഭരണക്കാരോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം പലതായിരിക്കും. ഒടുക്കം ചുറ്റും നോക്കും, പിന്നെ ഒറ്റക്കാച്ചാ, ചീങ്കണ്ണിപ്പുഴ ആർക്കും വിട്ടുകൊടുക്കില്ല എന്ന്. ചോദ്യമെന്താ? ചീങ്കണ്ണി പുഴ ആരുടേതാണ് എന്നല്ലേ? ഉത്തരം തരേണ്ടത് ആർക്കും വിട്ടുകൊടുക്കില്ല എന്നാണോ? അല്ല എന്നാണ് ജനം പറയുന്നത്. ജനം പറയുന്നു, ചീങ്കണ്ണിപ്പുഴ കേളകം പഞ്ചായത്തിൻ്റേതാണെന്ന്. പഞ്ചായത്ത് ഭരിക്കുന്നവർക്ക് പക്ഷെ ആ കാര്യം പറയാൻ തൻ്റേടമില്ല. അത് ഉറപ്പിച്ചു സ്ഥാപിക്കാൻ കഴിവില്ല. കാരണം കേളകം പഞ്ചായത്ത് ഭരണം ആറളം വന്യജീവി സങ്കേതത്തിൻ്റെ മാത്രം നിയന്ത്രണത്തിലാണ്. സ്വതന്ത്രമായ ജനാധിപത്യ അധികാരമുപയോഗിക്കാനോ ജനത്തിന് വേണ്ടി നടപ്പിലാക്കാനോ കഴിയാതെ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഗൂഢവും തട്ടിക്കൂട്ടിയതുമായ നീക്കങ്ങൾക്ക് പോളീഷ് അടിച്ച് കഴിയുക മാത്രമാണ് കേളകത്തെ പഞ്ചായത്ത് ഭരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നേട്ടങ്ങളുടെ പട്ടികയുമായി നൂറ് മീറ്റർ ഹർഡിൽസ് നടത്താനിറങ്ങിയ കാലം. വികസന പട്ടിക തള്ളുന്നത് കണ്ട് കണ്ണ് തള്ളി നിൽക്കുമ്പോൾ ജനം ചില സത്യങ്ങൾ എങ്കിലും അറിയണം. പഞ്ചായത്ത് ഭരണം യുഡിഎഫ് നടത്തിയാലും എൽ ഡി എഫ് നടത്തിയാലും ബിജെപി നടത്തിയാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന നിലയിൽ സ്വന്തമായി ഒരു പഞ്ചായത്തും ഒരു പദ്ധതിയും കണ്ടെത്തി നടപ്പിലാക്കാതായിട്ട് 10 വർഷമായി എന്ന് തിരിച്ചറിഞ്ഞു കൊള്ളുക. സർക്കാർ കൊടുക്കുന്ന പണമുപയോഗിച്ച് സർക്കാർ നിശ്ചയിച്ച വ്യവസ്ഥകളോടെ സർക്കാർ നിശ്ചയിച്ച ഏജൻസികളുടെ താൽപര്യമനുസരിച്ച് നടത്തുന്ന പണികൾ നോക്കി നിൽക്കുന്ന പണി മാത്രമാണ് കഴിഞ്ഞ 10 വർഷമായി പഞ്ചായത്തുകൾ നടത്തുന്നത്. കേളകം പഞ്ചായത്ത് ആകട്ടെ വനം വകുപ്പ് നിശ്ചയിക്കുന്ന തട്ടിക്കൂട്ട് പരിപാടികളുടെ മേൽനോട്ടമാണ് നടത്തിയത്. ചീങ്കണ്ണിപ്പുഴ ഒരു സെറ്റിൽമെൻ്റ് ഇഷ്യു ആണെന്ന് ആണ് കണ്ണൂർ ജില്ലാ കലക്ടർ പറയുന്നത്. അതായത് നാളിതുവരെ കേളകം പഞ്ചായത്തിൻ്റെ സ്വന്തമെന്ന് കരുതിയിരുന്ന ചീങ്കണ്ണിപ്പുഴ ഇപ്പോൾ കലക്ടറുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തർക്കവസ്തുവാണ് എന്ന് സാരം. തർക്കം തുടങ്ങുന്നത് 6 വർഷം മുൻപാണ് . കേളകം പഞ്ചയത്തിലെ വോട്ടറായ
പ്രിൻസ് ദേവസ്യ എന്ന റിട്ട സൈനികൻ ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ചപ്പോൾ ചില പ്രത്യേക യിനം വനം വകുപ്പ് ജീവനക്കാർക്ക് ഒരു പ്രകൃതി പരിപാലന കൃമികടി തോന്നിയപ്പോൾ മുതലാണ് ചീങ്കണ്ണിപ്പുഴയിൽ വനം വകുപ്പ് ഒരു മുതലയായി വളർന്നത്. അവർക്ക് പ്രിൻസിനെതിരെ കേസെടുക്കണം. അതിന് കണ്ടെത്തിയ ന്യായമാണ് ആറളം വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്ന അതീവ പരിസ്ഥിതി സംരക്ഷിത മേഖലയായ ചീങ്കണ്ണിപ്പുഴയിൽ , വേട്ടയ്ക്കുള അതിനൂതന ഉപകരങ്ങളുമായി അതിക്രമിച്ചിറങ്ങി എന്ന പ്രയോഗം വരുന്നത്. അപ്പോൾ പുഴ ആരുടേതായി? വനം വകുപ്പിൻ്റേതായി. വന്യ ജീവി സങ്കേതത്തിൻ്റേതായി. പഞ്ചായത്ത് മിണ്ടിയില്ല. മിണ്ടില്ല, കാരണം സംസ്ഥാന ഭരണത്തിന് കീഴിൽ കാട്ടുപൂച്ചകളിച്ചും കാട്ടുകോഴി കളിച്ചും നടത്തുന്ന വനിധികാരത്തെ താങ്ങി നിർത്തേണ്ട മുഴുവൻ ഉത്തരവാദിത്തവും കേളകം പഞ്ചായത്തിൻ്റെ താണന്നാണ് ഭരണപക്ഷത്തിൻ്റെ അന്നത്തേയും ഇന്നത്തെയും നിലപാട്. പ്രിൻസിനെതിരെ വനം വകുപ്പ് നീങ്ങിയപ്പോൾ തന്ത്രപരമായ അടവുനയമെടുത്ത ഭരണകക്ഷിയും പഞ്ചായത്ത് നേതൃത്വവും ബഫർ സോൺ വിഷയം വന്ന് കർഷകർ പ്രതിസന്ധിയിലായപ്പോഴും അടവുനയം തന്ത്രമാക്കി ചർച്ചകളെ വഴിതെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ചത്. കർഷക സംഘടനകളുടെയും കോൺഗ്രസിൻ്റെയും ഇടപെടലുകളെ തുടർന്നും സണ്ണി ജോസഫ് എംഎൽഎയുടെ കർഷക പക്ഷ നിലപാടുകൾ മൂലവും പിൻ വാങ്ങി പതുങ്ങിയിരിപ്പാണ് പഞ്ചയത്ത് ഭരണപക്ഷം. പക്ഷെ അതിനിടയിൽ വനം വകുപ്പിന് യഥേഷ്ടം ആന മതിലിനിപ്പുറത്തെ ഭൂമിയിയിൽ മേഞ്ഞു നടക്കാനും സ്വൈര്യ വിഹാരം നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പഞ്ചായത്ത് ഭരണക്കാർ ചെയ്തത്. കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ വനം വകുപ്പ് കൂട്ടുപിടിച്ചത് കേളകം പഞ്ചായത്തിനെയാണ്. അതീവ പരിസ്ഥിതി ദുർബല മേഖലയായ കൈലാസംപടിയെ നിർജനമാക്കാനും ശാന്തിഗിരിയെ വനഭൂമിയാക്കാനുമുള്ള വനംവകുപ്പിൻ്റെ ശ്രമം കേളകം പഞ്ചായത്തിൻ്റെയും കൊട്ടിയൂർ കണിച്ചാർ പഞ്ചായത്തുകളുടെയും ഭൂരിപക്ഷ മേഖലകളെ കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ എത്തിക്കാനാണ്. കൊട്ടിയൂർ പഞ്ചായത്ത് ഭരണ നേതൃത്വത്തിൻ്റെ ചെറുത്തു നിൽപ്പും നിയമയുദ്ധവും കൊണ്ട് മാത്രമാണ് ആ ദുരന്തം കേളകത്തും കണിച്ചാറിലും കോളയാടും നടക്കാത്തത്. അതിനെ മറികടക്കാനാണ് പാലുകാച്ചി ടൂറിസവും ഇപ്പോൾ ശലഭോദ്യാനവും ഒക്കെയായി ഭാവിയിൽ ഒരുപകാരവുമില്ലാത്ത പദ്ധതികളും കൊണ്ട് പഞ്ചായത്ത് രംഗത്ത് വന്നത്. നാടിനെ കാർഷിക വിളകളിലുടെ കാടിന് സമാനമാക്കുക എന്നതിനേക്കാൾ വന്യമൃഗങ്ങളെ വിലസാൻ തുറന്നു വിടുന്ന വൈൽഡ് ലൈഫ് സെൻ്റർ ആക്കാനുള്ള വനംവകുപ്പിൻ്റെ ഹീന തന്ത്രങ്ങൾക്ക് ചൂട്ടു പിടിക്കുന്ന ജോലിയാണ് ഭരണക്കാർ ചെയ്യുന്നത്. എല്ലാം ടൂറിസമെന്ന ഉട്ടോപ്യയിൽ ചാർത്തി വച്ച് നടത്തുന്ന ജന ദ്രോഹമാണ്. ആദ്യം കൃഷിഭൂമിയിൽ പണിത ആന മതിൽ വരെയുള്ള പ്രദേശവും പുഴയും തങ്ങളുടേതാക്കനാണ് വനം വകുപ്പ് ശ്രമിച്ചത്. പഞ്ചായത്ത് പഞ്ചപുച്ഛമടക്കി നിന്നു. അത് കർഷകർ തടഞ്ഞപ്പോൾ ബഫർ സോൺ ഇറക്കി വനംവകുപ്പ്.പഞ്ചായത്ത് ഓമ്പ്രാ പറഞ്ഞ് രണ്ടിടത്തും നിന്നു. അതും കർഷകർ തടഞ്ഞതോടെയാണ് ഡിജിറ്റൽ സർവേയെ കൂട്ടുപിടിച്ച് രേഖകളിൽ അട്ടിമറി നടത്താൻ ശ്രമം തുടരുന്നത്. പല തവണ തടഞ്ഞിട്ടും ജനത്തെ കബളിപ്പിച്ച് നിലപാട് എടുത്ത പഞ്ചായത്ത് ചീങ്കണ്ണി പുഴയെ തർക്ക വസ്തു തന്നെയായി നിലനിർത്താനുള്ള തീരുമാനത്തിൽ ആഹ്ളാദത്തിലാണ്.
അവകാശ തർക്കം തുടരുന്ന സാഹചര്യത്തിൽ സെറ്റിൽമെൻ്റ് ഇഷ്യു ആയി എന്റെ ഭൂമി പോർട്ടലിൽ ചേർക്കാനാണ് തീരുമെന്ന് കണ്ണൂർ ജില്ലാ കലക്‌ടറുടെ വിശദീകരണം കഴിഞ്ഞ ദിവസമെത്തിയതോടെ പഞ്ചായത്ത് രക്ഷപ്പെട്ടു. രണ്ടിടത്തും പറഞ്ഞു നിൽക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ഡിജിറ്റൽ സർവേ നടത്തിയപ്പോൾ ചീങ്കണ്ണി പുഴയോരത്തെ ഭൂമി ആറളം വില്ലേജിൻ്റെ ഭാഗമായി അളന്നും പുഴയെ ആറളം വന്യജീവി സങ്കേതത്തോടു ചേർക്കാൻ സാധിക്കും വിധം അടയാളപ്പെടുത്തിയും നടത്തിയ നീക്കത്തിന് എതിരെ നൽകിയ മുഖ്യമന്ത്രിക്ക് നൽകിയ പരാതികളിൽ ഒന്നിന് ലഭിച്ച മറുപടിയിലാണ് കലക്ടർ തീരുമാനം അറിയിച്ചത്. പക്ഷെ തർക്ക വിഷയമായി ചീങ്കണ്ണി പുഴയെ നിലനിർത്തുമ്പോൾ ഒരു നാലാം കക്ഷിയും കൂടി രംഗത്തു വന്നിരിക്കുകയാണ് - ആറളം വില്ലേജ്. ആറളം വില്ലേജിലെ രേഖകൾ പിന്തുടർന്ന് ചീങ്കണ്ണിപ്പുഴയെ ആറളം വന്യജീവി കേന്ദ്രത്തിൻ്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. ചീങ്കണ്ണി പുഴയോരത്തെ ഭൂമി വനം വകുപ്പിൻ്റെ ഒത്താശയോടെ അളക്കാനുള്ള ശ്രമമാണ് ആദ്യം ഉണ്ടായത്. അത് വിവാദമായതോടെ അളവു നിർത്തി വച്ചു. പിന്നീട് ധാരണയുണ്ടാക്കി അളവ് തുടർന്നപ്പോൾ കേളകം വില്ലേജിലെ ഭൂമി ആറളം വില്ലേജിൽ ചേർക്കുന്ന സ്‌ഥിതി വന്നു. വീണ്ടും വിവാദം ഉയരുകയും സർവേ നിർത്തി വയ്ക്കുകയും ചെയ്തു. തലശ്ശേരി സബ് കലക്‌ടർ സ്‌ഥല പരിശോധന നടത്തി താൽക്കാലികമായി പരിഹാരം കാണുകയും പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷമായിട്ടും തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ജനകീയ സമിതി ചെയർമാൻ ഫാ.സെബാസ്‌റ്റ്യൻ പൊടിമറ്റം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഇതിനുള്ള മറുപടിയിലാണ് സെറ്റിൽമെന്റ് ഇഷ്യു എന്ന നിലയിൽ അടയാളപ്പെടുത്താൻ തീരുമാനിച്ച വിവരം കലക്‌ടർ അറിയിച്ചത് തർക്കം ഉണ്ടാകും മുൻപ് വരെ ചീങ്കണ്ണി പുഴ കേളകം പഞ്ചായത്തിൻ്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ പുഴയുടെ അവകാശം ആറളം വന്യജീവി സങ്കേതത്തിന് ആണെന്നു സ്‌ഥാപിക്കാൻ ഏതാനും വർഷങ്ങളായി വനം വകുപ്പ് ശ്രമിച്ചു വരികയാണ്. ബഫർ സോൺ പ്രശ്‌നം, മുൻ സൈനികൻ പുഴയിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ച സംഭവം എന്നിവയിൽ വനം വകുപ്പിന് തിരിച്ചടി ഉണ്ടായതിനു ശേഷമാണ് പുഴയെ കൈവശപ്പെടുത്താൻ വനം വകുപ്പ് ശ്രമം തുടങ്ങിയത്. ഇതിനെ പ്രതിരോധിക്കാൻ കേളകം പഞ്ചായത്ത് കാര്യമായ ശ്രമം നടത്തുന്നില്ല എന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് മുൻപ് ഇക്കാര്യം നിഷേധിച്ചു. ഒരു കാരണവശാലും പുഴ വിട്ടു കൊടുക്കില്ല എന്നും പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സമീപ കാലത്ത് വനം വകുപ്പിന്റെ പിന്തുണയോടെ പല പദ്ധതികളും കേളകം പഞ്ചായത്തിനുള്ളിലെ പുഴയോരത്തോടു ചേർന്നുള്ള ഭൂമിയിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പുഴയെ കൈവശപ്പെടുത്താൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങളോടു പഞ്ചായത്ത് ഭരണ നേതൃത്വം മൗനം പാലിക്കുകയാണ് എന്നാണ് ആരോപണം.
Are there crocodiles in the Crocodile River? No. But there is no such river!!




















